ദുരിതപ്പെയ്‌ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
ദുരിതപ്പെയ്‌ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
നീരൊഴുക്ക് ശക്തമയതിനെത്തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെയാണു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തിയത്. 12.50 ക്യുമക്സ് വെള്ളമാണു പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ ഒൻപത് മണിക്കാണ് ഷട്ടർ തുറന്നത്.
മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ 12 മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് നേരിയ മാറ്റംപോലും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടി. കനത്ത നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചുകൊണ്ടാണ് മഴയുടെ പോക്ക്. കേരളത്തിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുകയാണ്. 142 അടി പരമാവധി ശേഷിയുള്ള മുല്ലപ്പെരിയാറിൽ ഇപ്പോൾ 136 അടിയാണ് ജലനിരപ്പ്. വൃഷ്‌ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ജലനിരപ്പ് കൂടിയത്.