ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഗൂഡാലോചന നടത്തി ടീമിൽ അന്തഛിദ്രം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി 13 രഞ്ജി ടീം കളിക്കാർക്കെതിരെ നടപടിയെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ. സച്ചിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യപ്രകാരം തയ്യാറാക്കിയ കത്തിൽ ഒപ്പിട്ടവർക്കെതിരെയാണ് നടപടി.
മുൻ ക്യാപ്റ്റൻമാരായ റെയ്ഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം എന്നിവർക്കും സന്ദീപ് വാര്യർ, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദീൻ എന്നിവർക്കും മൂന്നു ഏകദിന മൽസരങ്ങളിലെ വിലക്കും മൂന്നു ദിവസത്തെ മാച്ച് ഫീസ് പിഴയുമാണ് ഏർപ്പെടുത്തിയത്.
സഞ്ജു സാംസൺ, വി.എ.ജഗദീഷ്, എം.ഡി.നിധീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, ഫാബിദ് ഫാറൂഖ്, സൽമാൻ നിസാർ, സിജോ മോൻ എന്നിവർ മൂന്നു ദിവസത്തെ മാച്ച് ഫീസ് പിഴയായി നൽകണം. പിഴയായി ഈടാക്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകേണ്ടത്. 35000 രൂപയാണ് കളിക്കാരുടെ പ്രതിദിന മാച്ച് ഫീസ്. ഓരോ കളിക്കാരും 1.05 ലക്ഷം രൂപ വീതമാണ് പിഴ. ഈ ഇനത്തിൽ 13.65 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും.