എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം: മൂന്നുപേരുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി
എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം: മൂന്നുപേരുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ തിങ്കളാഴ്‌ച പുലർച്ചെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു(20) ആണ് മരിച്ചത്.
ഒപ്പം അർജുൻ, വിനീത് എന്നിവർക്ക് പരിക്കേറ്റു. ഇതില്‍ അര്‍ജുന്റെ(19) നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.
അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. അര്‍ജുൻ, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് കാമ്പസ് ഫ്രണ്ടുണ്ട് പ്രവർത്തകർ അറസ്റ്റിലായി. കോളേജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അധ്യയന വർഷം തുടങ്ങുന്നതോടനുബന്ധിച്ച് പോസ്‌റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.