എന്നും ആവര്‍ത്തിക്കുന്ന ചില രുചിഭേദങ്ങള്‍ മറന്ന് പഴമയിലേക്കൊരു മടക്കമായാലോ. നേന്ത്രപ്പഴപ്പായസം ഒന്നു പരീക്ഷിക്കൂ. സദ്യ കെങ്കേമമാക്കാം.
ചേര്‍ക്കേണ്ടവ:
നേന്ത്രപ്പഴം - കാല്‍ കിലോ
ചെറുപയര്‍ - 150 ഗ്രാം
ചവ്വരി - ഒരു ഔണ്‍സ്
ശര്‍ക്കര - 1/2 കിലോ
തേങ്ങ - രണ്ട്
കിസ്മിസ് - 50 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
നെയ്യ് - 50 ഗ്രാം
ഏലയ്ക്ക - 5
ചുക്ക്, ജീരകം പൊടിച്ചത് - ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
നേന്ത്രപ്പഴം നല്ല പോലെ വേവിച്ച് ഉടച്ചെടുക്കുക. ചെറുപയര്‍ പരിപ്പ് അധികം മൂത്തുപോകാതെ വറുത്തെടുത്ത ശേഷം രണ്ടുകപ്പ് മൂന്നാം പാലില്‍ വേവിച്ചെടുക്കുക. പകുതി നെയ് ചൂടാക്കി വെന്ത നേന്ത്രപ്പഴം വഴറ്റുക. ഇതിലേക്ക് വേവിച്ച ചെറുപയര്‍ പരിപ്പും ഒരു കപ്പ് രണ്ടാം പാലും ചേര്‍ത്തിളക്കി വറ്റിക്കുക. ചവ്വരി പ്രത്യേകം വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക.
ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്തു കോരുക. വറ്റി വരുന്ന നേന്ത്രപ്പഴക്കൂട്ടില്‍ ശര്‍ക്കര പാനിയും ചവ്വരിയും ചേര്‍ത്തിളക്കി ഒന്നാം പാലും വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാ വറുത്തതും ഒരു നുള്ള് ചുക്കും ജീരകവും പൊടിച്ചതും ചേര്‍ക്കുക. പായസപ്പരുവമാകുമ്പോള്‍ ഇറക്കി വെച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കുക.