തിരിച്ചുവരവിൽ ഒട്ടും രാജകീയ പ്രൌഡി നഷ്ടമായില്ല ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡൽ സാൻട്രോയ്ക്ക്. അതി പതിൻമടങ്ങ് കൂടി എന്നു തന്നെ പറയാം. ഒക്ടോബർ 23നാണ് സാൻട്രോ വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയത്. ഒരു മാസത്തിനുള്ള ബുക്കിംഗ് 35,000 കവിഞ്ഞു. എന്നാൽ സാൻട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായ് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
ഇക്കാര്യത്തിൽ ഹ്യൂണ്ടായ് വിശദീകരണവും നൽകിയിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ഉത്പദനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സാൻട്രോയുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചത് എന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ ബുക്ക് ചെയ്ത വഹനങ്ങൾ നിർമ്മിച്ചു നൽകിയതിനു ശേഷമേ സാൻട്രോയുടെ ബുക്കിംഗ് കമ്പനി പുനരാരംഭിക്കും. ഇതേവരെ 8000 സാൻട്രോയാണ് ചെന്നൈയിലെ നിർമ്മാണ ശാലയിൽ നിന്നും പുറത്തിറക്കിയിരിക്കുന്നത്.
പൂർണ്ണമായും പുത്തൻ രൂപമെടുത്താണ് വാഹനത്തിന്റെ തിരിച്ചു വരവ്. 3.9 ലക്ഷം മുതൽ 5.46 ലക്ഷം വരെയാണ് സാൻട്രോയുടെ വിവിധ മോഡലുകളുടെ ഇന്ത്യയിലെ വിപണി വില. കുറഞ്ഞ വിലയിൽ മികച്ച കാർ എന്ന ഇന്ത്യൻ സങ്കൽപ്പത്തിന് പൂർണാർത്ഥത്തിൽ യോജിക്കുന്നതിനാലാണ് സാൻട്രോക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം.
പഴയ ടോൾബോയ്ഡിസൈനിൽ തന്നെയാണ് വാഹനം രണ്ടാമതും അവതാരമെടുത്തിരിക്കുന്നത് എങ്കിലും ആകെ മൊത്തത്തിൽ യുവത്വം തുടിപ്പ് നൽകുന്ന മാറ്റങ്ങളണ് പുതിയ സാൻട്രോക്ക് നൽകിയിരിക്കുന്ന. പുതുക്കിയ ഗ്രില്ലുകളും ഹെഡ് ലാമ്പുകളും ഐ 10ന് സമാനമായി തോന്നും.
പുറത്തുനിന്നുള്ള കാഴ്ചകളിലേതിനേക്കാൾ വാഹനത്തിൽ ഒരുക്കിയിരികുന്ന അത്യാധുനിക സംവിധനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. കീലെസ് എൻട്രി, റിയർ എ സി വെന്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിവേഴ്സ്കാമറ, റിയർ പാർക്കിങ് സെൻസറുകൾ, ഡ്യുവൽ എയർബാഗ്, എ ബി എസ്, ഇ ബി ഡി തുടങ്ങി മികച്ച ഡ്രൈവിങ് കംഫർട്ട് നൽകുന്ന സംവിധാനങ്ങൾ ഈ സെഗ്‌മെന്റിലെ മറ്റു വാഹങ്ങളിൽ നിന്നും സാൻട്രോയെ വ്യത്യസ്തനാക്കുന്നു.
68 ബി എച്ച് പി കരുത്തും 99 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.1 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് സാൻട്രോയുടെ കുതിപ്പിന് പിന്നിൽ. 5 സ്പീഡ്ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിൽ സാൻട്രോ ലഭ്യമാകും. സി എൻ ജി ഓപഷനിലും വാഹനം വിപണിയിലെത്തും. വിപണിയിൽ നിന്നും ഐ 10 പിൻവലിച്ച് സാൻട്രോയെ മാത്രം നിലനിർത്തിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.