ലോകത്തിലെ കോടീശ്വരന്മാരുടെ വ്യക്തിഗത സമ്പത്തിൽ റെക്കോഡ് വർധന. ബ്ലൂംബർഗ് തയ്യാറാക്കിയ ലോകത്തെ ബില്യണയർമാരുടെ പട്ടികയിൽ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസാണ് ഒന്നാമതായുള്ളത്. 202 ബില്യൺ ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. ഇതാദ്യമായാണ് ഒരു വ്യക്തി 200 ബില്യൺ ഡോളർ മറികടക്കുന്നത്.
ജെഫ് ബെസോസിന്റെ മുൻഭാര്യയായ മെക്കന്‍സി ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വനിതയുമായി. 66.2 ബില്യണ്‍ ഡോളറാണ് മെക്കന്‍സിയുടെ സമ്പത്ത്. അതേസമയം 100 ബില്യൺ ആസ്‌തിയുള്ള കോടിശ്വരന്മാരുടെ പട്ടികയിൽ ജെഫ് ബെസോസിനും ബിൽ ഗേറ്റ്‌സിനും മാർക്ക് സക്കർബർഗിനും പിന്നാലെയായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കും ഇടം നേടി.
ടെസ്‌ലയുടെ ഓഹരിയിൽ ബുധനാഴ്‌ചയുണ്ടായ കുതിപ്പിനെ തുടർന്ന് ടെസ്‌ലയുടെ ആസ്‌തി 101 ബില്യൺ ഡോളറായി ഉയർന്നിരുന്നു. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 124 ബില്യണ്‍ ഡോളറും മാർക്ക് സക്കർബർഗിന്റേത് 115 ബില്യൺ ഡോളറുമാണ്.
ലോകത്തെ 500 കോടിശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ അതേസമയം ഏഴാമനായി ഇന്ത്യയുടെ മുകേഷ് അംബാനിയും ഇടം നേടി. 81.1 ബില്യൺ ഡോളറാണ് മുകേഷിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷം ഓഹരിവിപണിയിൽ 22 ബില്യണിന്റെ നേട്ടം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ 3 മാസത്തിനിടെ ഏകദേശം 20 ബില്യൺ ഡോളറിന്റെ നേട്ടമാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്.
നിലവിലെ വളർച്ചയിൽ ആമസോൺ, ഫേസ്‌ബുക്ക് പോലെ ലോകത്തിലെ തന്നെ മുൻനിര ബ്രാൻഡ് എന്ന നിലയിലേക്കാണ് ജിയോ പ്ലാറ്റ്‌ഫോമിന്റെ വളർച്ചയെന്നാണ് സാമ്പത്തികനിരീക്ഷകർ പറയുന്നത്.പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേ ഒരു ഏഷ്യക്കാരൻ കൂടിയാണ് മുകേഷ് അംബാനി.