കത്തിക്കയറി കോഴിവില; ചിക്കനോട് ബൈ പറയാനൊരുങ്ങി ഹോട്ടലുകള്‍ - വര്‍ദ്ധന 100 മുതല്‍ 150രൂപ വരെ
കത്തിക്കയറി കോഴിവില; ചിക്കനോട് ബൈ പറയാനൊരുങ്ങി ഹോട്ടലുകള്‍ - വര്‍ദ്ധന 100 മുതല്‍ 150രൂപ വരെ
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പലയിടത്തും 100 മുതല്‍ 150രൂപ വരെയാണ് ചിക്കന്‍ വിലയില്‍ വര്‍ദ്ധനവ്. ചിലയിടങ്ങളില്‍ കിലോയ്‌ക്ക് 240 രൂപ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെയാണ് കോഴിവില കുത്തനെ വര്‍ദ്ധിച്ചത്. രണ്ടാഴ്‌ച മുമ്പ് 85 മുതല്‍ 90 രൂപ വരെയായിരുന്നു കോഴിവില. കേരളത്തിലേക്ക് ചിക്കന്‍ എത്തുന്ന തമിഴ്‌നാട്ടിലെ ഫാമുകളില്‍ മൊത്തവില കിലോയ്‌ക്ക് 116 രൂപയാണ്.
വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇഅന്ധന വില വര്‍ദ്ധിച്ചതും മഹാനവമി, വിജയദശമി, ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനാലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മിക്ക ഫാമുകളും പ്രവര്‍ത്തിക്കുന്നില്ല. വില വര്‍ദ്ധനവിന് ഇതും കാരണമാകുന്നുണ്ട്.
പ്രളയത്തിന് ശേഷം സംസ്ഥാനത്തെ പല കോഴിഫാമുകളും പൂട്ടിപ്പോയതും ചിക്കന്‍ വില വര്‍ദ്ധിക്കാന്‍ കാരണമായി. തമിഴ്‌നാട്ടിലെ നാമക്കല്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ കോഴി ഫാമുകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കും കോഴിയിറച്ചി വിലയില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുക.
ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കൂട്ടാന്‍ സാധ്യമല്ലാത്തതിനാല്‍ മെനുവില്‍ നിന്ന് കോഴി വിഭവങ്ങള്‍ ഒഴിവാക്കുകയാണ് മിക്ക ഹോട്ടലുകളും.