ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിൽ അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് വൻ തിരിച്ചടി. 2019ലെ ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പ് കരാർ റദ്ദാക്കിയ കോമ്പറ്റീഷൻ കമ്മീഷൻ ആമസോണിന് 200 കോടി രൂപയുടെ പിഴ ചുമത്തി. വിവരങ്ങൾ മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2019ലെ കരാറിന്റെ യഥാർത്ഥ ലക്ഷ്യങ്ങളും വിശദാംശങ്ങളും ആമസോൺ മറച്ചുവെയ്ക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിച്ചുവെന്നുമാണ് സിസിഐ ഉത്തരവിൽ പറയുന്നു. ഫ്യൂച്ചർ കൂപ്പൺസിന്റെ 49 ശതമാനം ഏറ്റെടുക്കുന്നതോടെ ഫ്യൂച്ചർ റീട്ടെയിലിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന പരാതിയാണ് ആമസോണിനെതിരെ ഉയർന്നത്.
കഴിഞ്ഞ വർഷം 24,500 കോടി രൂപയ്ക്ക് റിലയൻസ് ഗ്രൂപ്പിന് സ്വത്തുക്കൾ കൈമാറാൻ ഫ്യൂച്ചർ ഗ്രൂപ്പ് സമ്മതിച്ചതിനെ തുടർന്ന് കോടതിയിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് സിസിഐയുടെ നടപടി.