സ്ത്രീ സംരംഭകര്‍ക്ക് പിന്തുണ നൽകി ആമസോൺ, സഹേലിയിൽ ഇനി കുടുംബശ്രീ ഉൽപ്പന്നങ്ങളും
സഹേലി പദ്ധതിയില്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും.
ആമസോൺ വഴി കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾ ഇനി ഉപഭോക്താക്കളിലെത്തും. ഇതുമായി ബന്ധപ്പെട്ട്, ആമസോണുമായി കുടുംബശ്രീ ധാരണപത്രം ഒപ്പിട്ടു. ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വിപണന മേഖലയിലേക്ക് സാധ്യതകളുടെ വഴി തുറന്നുകിട്ടിയത്.
സഹേലി പദ്ധതിയില്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ പ്രാരംഭത്തില്‍ മുടക്കുമുതല്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പന നടത്താനുള്ള ആനുകൂല്യങ്ങളും നല്‍കും.
സഹേലി സംഘം വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും, ഇമേജിംഗ്, കാറ്റലോഗിംങ്, ഉല്‍പന്നങ്ങളുടെ ലിസ്റ്റിംഗ്, സൗജന്യ അക്കൌണ്ട് മാനേജ്മെന്റ് എന്നിവയിലൂടെ അവരെ സഹായിക്കുകയും ചെയ്യും. ഇതുവഴി ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകര്‍ക്ക് വേണ്ട പിന്തുണയും പരിശീലനവും ആമസോണ്‍ നല്‍കും. കൂടാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മുൻപിൽ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭ്യമാക്കും.
കേരളത്തിലെ 14 ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള (സിഡിഎസ്സ്) കുടുംബശ്രീയില്‍ നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നായാണ് കുടുംബശ്രീ വിലയിരുത്തപ്പെടുന്നത്.