സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.
ഉത്തരേന്ത്യയിലെ പ്രധാന ആചാര ദിവസങ്ങളിലൊന്നായ നാഗപഞ്ചമിയെക്കുറിച്ച് കടുത്ത വിശ്വാസികള്‍ക്ക് പോലും അറിയില്ല. എന്താണ് നാഗപഞ്ചമി, പ്രത്യേകതകള്‍ എന്തെല്ലാം എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക വിഷമം പിടിച്ച കാര്യമാണ്.
പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം പുരാതന കാലം മുതല്‍ നിലനിന്നിരുന്നു. അതിലൊന്നാണ് നാഗപഞ്ചമി എന്നറിയപ്പെടുന്നത്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയെയാണ് നാഗപഞ്ചമിയായി കരുതുന്നത്. ഈ ദിവസമാണ് ശ്രീകൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയത് എന്നൊരു വിശ്വാസവുമുണ്ട്. ഇതിന് ശ്രാവണ പഞ്ചമി എന്നാണ് ഉത്തരേന്ത്യക്കാര്‍ പറയുന്നത്.
ആസ്തിക മുനി നാഗരക്ഷ ചെയ്തത് ഈ ദിനത്തിലാണെന്ന് വിശ്വാസികള്‍ കരുതുന്നു. അന്ന് നാഗ തീര്‍ത്ഥത്തിലോ നദികളിലോ കുളിച്ച ശേഷമാണ് നാഗപൂജ ചെയ്യേണ്ടത്. പൂര്‍ണ്ണമായി ഉപവസിക്കണം.
സര്‍പ്പ പുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും ഉത്തമമാണ്. സ്ത്രീകള്‍ സന്താന രക്ഷയ്ക്കായി മാനസാ ദേവിയെ സ്തുതിക്കുന്നു. പാമ്പിന്‍ മാളങ്ങള്‍ക്ക് മുമ്പില്‍ നൂറും പാലും വയ്ക്കുകയും നാഗങ്ങളെ ഉപദ്രവിക്കാതിരിക്കാന്‍ വേണ്ടി വെട്ടും കിളയലും കൃഷിപ്പണികളും അന്ന് നിര്‍ത്തിവയ്ക്കുന്നു.