സര്‍വ്വ പാപഹരം ശിവരാത്രി വ്രതം
Shiv Rathri, Shiv Rathri Special, Shiv Rathri Special Malayalam, ശിവരാത്രി, ശിവരാത്രി സ്പെഷ്യല്‍
മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ് ശിവരാതി ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.
അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു. ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.
ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.
പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി മറ്റൊരു ഐതീഹ്യവുമുണ്ട്. പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക.
പൂവ്, അക്ഷതം(നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ‘ഓം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു.
ഉച്ചയ്ക്ക് മുമ്പായി ‘ഓം നീലകണ്ഠായ നമഃ’ എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ‘ഓം ശശിശേഖരായ നമഃ’ എന്ന് 336 തവണ ജപിക്കുക. ‘ഓം ശംഭുവേ നമഃ’ എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം. സന്ധ്യ കഴിഞ്ഞാല്‍ ‘ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യനാഥായ ഹംഹം നമഃശിവായ ഹ്രീം ശിവായൈ നമഃ’ എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. ‘വ്രതപുണ്യം സമര്‍പ്പയാമി’ എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നീട് ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തില്‍ സമര്‍പ്പിക്കുക.