നാട്ടുകാരുടെ മുന്നിൽ ഒരിക്കലും നമ്മുടെ കുട്ടികൾ താഴ്ന്ന് നിൽക്കുന്നത് കാണാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കാറില്ല. എന്നാൽ, കുട്ടികൾ കാരണം മറ്റുള്ളവർക്ക് മുന്നിൽ ചൂളി നിൽക്കുന്ന മാതാപിതാക്കൾ വേറിട്ട സംഭവമല്ല. കുരുത്തക്കേടുകളാകാം പലപ്പോഴും കാരണം. ഇതിന് കുട്ടികളെ പഴിച്ചിട്ട് കാര്യമില്ല. ചെറുപ്പം മുതലേ അവരെ നല്ല ശീലങ്ങൾ പഠിപ്പിക്കണം. മര്യാദകൾ, ശീലങ്ങൾ, പ്രവൃത്തികൾ തുടങ്ങി പലകാര്യങ്ങളും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇത് കൃത്യമായി നിർവഹിക്കുമ്പോഴാണ് അവർ ഭാവിയിലെ നല്ല പൗരന്മാർ ആകുന്നത്.
കുട്ടികൾ പഠിക്കേണ്ട, കുട്ടികളെ പഠിപ്പിക്കേണ്ട മര്യാദകളിൽ പ്രധാനം തീൻമേശയിലെ മര്യാദയാണ്. കുട്ടികളെ എപ്പോഴും ടേബിള്‍ മാനേഴ്‌സ് ശീലിപ്പിച്ചിരിക്കേണ്ടതാണ്. ഇല്ലെങ്കിൽ ആ ഒരു കാരണം കൊണ്ട് പല സാഹചര്യങ്ങളിലും നമ്മൾ നാണംകെടാൻ സാധ്യതയുണ്ട്. വലിയ വലിയ കാര്യമൊന്നുമല്ല ഇത്. എന്നാൽ ആണുതാനും. ഈ വലിയ കാര്യത്തെ വളരെ ചെറുതായി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ അവരുടെ മാതാപിതാക്കൾക്കെ സാധിക്കുകയുള്ളു. എളുപ്പത്തിൽ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കാമെന്ന് നോക്കാം.
* ഭക്ഷണം കഴിക്കാൻ വരുന്നതിന് മുൻപും ശേഷവും കൈ വൃത്തിയായി കഴുക്കാൻ ശീലിപ്പിക്കുക
* കളികൾക്കിടയിലാണ് കുട്ടികളെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നതെങ്കിൽ, അവരുടെ കൈവശമുള്ള കളിപ്പാട്ട വസ്തുകൾ മാറ്റി വെച്ച് ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കാൻ പഠിപ്പിക്കുക.
* കസേരക്ക് മുകളിൽ കയറി ഇരിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കുക. ശബ്ദമുണ്ടാക്കാതെ വളരെ സാവധാനം കസേരയിൽ ഇരിക്കാൻ പറയുക.
* എല്ലാവരും വിളമ്പിയതിനു ശേഷം ഒരുമിച്ച് കഴിക്കാൻ തുടങ്ങുക
* കഴിക്കുന്ന ഭക്ഷണത്തിന്റെ അംശം ദേഹത്ത് വീഴാതിരിക്കാൻ നാപ്‌കിൻ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കിൽ പറയാതിരിക്കുക. മറിച്ച് ഇഷ്ടമായാൽ അത് തുറന്ന് പറയുക
* ഭക്ഷണം വിളമ്പുന്നവരോടും അത് ഉണ്ടാക്കുന്നവരോടും നന്ദി പറയാൻ പഠിപ്പിക്കുക.
* ശബ്ദമുണ്ടാക്കാതെ കത്തിയും ഫോർക്കും ഉപയോഗിക്കാൻ പഠിപ്പിക്കുക
* കഴിച്ച് കഴിഞ്ഞാൽ അടുത്തിരുന്ന് കഴിക്കുന്നവരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം എഴുന്നേൽക്കുക
* ഇതിനേക്കാൾ പ്രധാനപ്പെട്ട വസ്തുത, ഭക്ഷണം കഴിക്കുന്ന സമയത്തെ സംസാര രീതി നന്നാക്കാൻ ശ്രദ്ധിക്കുക.
ഇത്രയും കാര്യങ്ങൾ പഠിപ്പിച്ചാൽ തന്നെ മര്യാദരാമനായി കുട്ടികൾ അടങ്ങിയിരുന്നോളും. മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാകുകയുമില്ല. ആദ്യ സന്ദർഭങ്ങളിൽ ചിലപ്പോൾ അവർ പഠിച്ചെന്നോ, അംഗീകരിച്ചെന്നോ വരില്ല. എന്നാൽ, രണ്ട് മൂന്ന് തവണ പറഞ്ഞ് കൊടുത്താൽ അതിലെ ഗൗരവം ആ കുഞ്ഞു മനസ്സിന് തിരിച്ചറിയാൻ സാധിക്കും.