മുസഫർനഗർ ട്രെയിനപകടം: അട്ടിമറിക്കു തെളിവില്ല, അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്
യുപി ട്രെയിൻ അപകടത്തിനു കാരണം അശ്രദ്ധയെന്ന് റിപ്പോർട്ട്
ഉത്തർപ്രദേശിലെ മുസഫർനഗറിൽ 23പേര്‍ മരിക്കാനിടയായ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയത് ഡ്രൈവറുടെ പിഴവു മൂലമാണെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട ഡ്രൈവര്‍ സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് ഇത്തരമൊരു അപകടത്തിന് കാരണമായതെന്നാണ് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, ട്രെയിന്‍ പാളതെറ്റിയത് അട്ടിമറിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം ഇപ്പോളും തുടരുകയാണ്.
ശനിയാഴ്ചയാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 പേര്‍ മരിച്ചത്. 80ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. വൈകിട്ട് 5:45ഓടെ മീററ്റില്‍ നിന്നും 40കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്തെത്തിയപ്പോള്‍ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.