‘പ്രതിപക്ഷ നേതാവിന് അകമ്പടി പോകണം, നിങ്ങളെ സഹായിക്കാനൊന്നും വയ്യ’ - പൊലീസ് സഹായം നിഷേധിച്ച വൃദ്ധന്‍ മരിച്ചു
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ല, വൃദ്ധന്‍ മരിച്ചു
അപകടത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേദി മുരുകന്‍ മരിച്ച സംഭവത്തിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ സമാനമായ സംഭവം കൊല്ലത്തും. അപകടത്തില്‍പെട്ട് വഴിയില്‍ കിടന്ന വൃദ്ധനെ രക്ഷപെടുത്താന്‍ പൊലീസ് സഹായം തേടിയവരോട് കൈമലര്‍ത്തി കാണിച്ച് പൊലീസ്. കൊല്ലം ജില്ലയിലെ ചവറയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വാഹം ഇടിച്ച് വഴിയില്‍ കിടന്ന വൃദ്ധനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഒരു വാഹനവും നിര്‍ത്തിയില്ല. ഇതിനെതുടര്‍ന്നാണ് സമീപത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായം തേടിയത്. എന്നാല്‍, പ്രതിപക്ഷ നേതാവിന് അകമ്പടി പോകണമെന്നായിരുന്നു പൊലീസുകാരില്‍ നിന്നും ലഭിച്ച മറുപടി.
ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ് ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ് വിളിച്ചാണ് വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, യാത്രാമദ്ധ്യെ അദ്ദേഹം മരണപ്പെടുകയായിരുന്നു. മുരുകന്റെ കേസില്‍ ചികിത്സ നിഷേധിച്ചത് ഡോക്ടര്‍മാര്‍ ആയിരുന്നെങ്കില്‍ ഇവിടെയത് പൊലീസാണ്.