പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍
ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ !
ജനങ്ങളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. പട്ടിക വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ഇനി മുതല്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
കുട്ടികളിലെ രാജ്യസ്നേഹം ഉണര്‍ത്തുന്നതിനായി സാമൂഹിക നീതി വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും അതിനോടനുബന്ധപ്പെട്ട ഹോസ്റ്റലുകളിലും പ്രഭാതപ്രാര്‍ത്ഥനക്കൊപ്പം ദേശീയഗാനം ആലപിക്കുന്നത് കൂടി ഉള്‍പ്പെടുത്തണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ ജയ് ഹിന്ദ് പറഞ്ഞ് മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളു എന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏകദേശം ഒന്നരലക്ഷത്തിലധികം സ്കൂളുകളില്‍ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭോപാല്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്വകാര്യസ്‌കൂളുകളിലേക്ക് കൂടി ഈ ഉത്തരവ് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് ഒക്ടോബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ നിലവില്‍ വന്നിരുന്നു.