ഡൽഹി: അമേരിക്കൻ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിയ്ക്കരുത് എന്ന് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി അംഗങ്ങൾക്ക് (OFBJP) നിർദേശം നൽകി ബിജെപി നേതൃത്വം. അംഗങ്ങൾക്ക് അമേരിക്കൻ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാം, ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താം. എന്നാൽ പ്രചാരണത്തിൽ ബിജെപി ചിഹ്നമോ, ബിജെപി, ഒഎഫ്‌ബിജെപി പേരുകളോ ഉപയോഗിയ്ക്കരുത് എന്ന് വിദേശരാജ്യങ്ങളിലെ ബിജെപിയുടെ ചുമതലയുടെ വിജയ് ചൗതൈവാലെ നിർദേശം നൽകി.
ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപിന്റെയും കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ നടന്ന ഫൗഡി മോഡിയുടെയും ചിത്രങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. ഇത് അമേരിക്കയിൽ വിവാദമായി മാറി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ പ്രചാരകനായി മാറി എന്ന് കോൺഗ്രസ്സ് വിമർശനം ഉന്നയിച്ചിരുന്നു. വിഷയം അമേരിക്കൻ ജസ്റ്റിസ് ഡിപ്പർട്ട്മെന്റിന്റെ അന്വേഷണത്തിൻ കീഴിലിരിയ്ക്കേയാണ് വിജയ് ചൗതൈവാലെയുടെ നിർദേശം.