ബാബ്‌റി മസ്‌ജിദ് തകർത്തതിൽ ഗൂഡാലോചനയില്ലായിരുന്നുവെന്ന് ലഖ്‌നൗ കോടതി വിധിയെ പരിഹസിച്ച് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ഇന്ത്യയിലെ പുതിയ നീതി ഇതാണെന്നും അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്നും കോടതിവിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
ഇന്ത്യൻ മതേതര മൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായാണ് 1992 ഡിസംബർ 6ലെ ബാബ്‌റി മസ്‌ജിദ് തകർക്കൽ കണക്കാക്കുന്നത്. അന്വേഷണത്തിനായി രൂപികരിച്ച ലിബറാൻ കമ്മീഷന്റെ റിപ്പോർട്ട് 17 വർഷം വൈകിയെങ്കിൽ മസ്‌ജിദ് തകർത്ത് 28 വർഷത്തിന് ശേഷമാണ് കേസിലെ വിധി വരുന്നത്. 2001-ൽ ഗൂഡാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നെങ്കിലും അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017-ൽ വിധിക്കുകയും വിചാരണക്കായി പ്രത്യേക കോടതി രൂപികരിക്കുകയും ചെയ്‌തു.കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്.