കാത്തിരിപ്പിനൊടുവില്‍ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് നിലപാട് വ്യക്തമാക്കി
ബിജെപിയും കോണ്‍ഗ്രസും നിരാശപ്പെടേണ്ടിവരും; രാഷ്‌ട്രീയപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി രജനീകാന്ത്
ചര്‍ച്ചകളും ആശങ്കകളും നിലനില്‍ക്കെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ പരോക്ഷമായ നിലപാടുമായി സ്റ്റൈൽ മന്നൻ രജനീകാന്ത് രംഗത്ത്. ഞാന്‍ ഒരു നടനാണ്. ദൈവഹിതവും അതാണ്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ രാഷ്‌ട്രീയത്തിലേക്ക് എത്തിയാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ അകറ്റി നിര്‍ത്തുന്നതിനാകും മുന്‍ഗണന നല്‍കുക. ഇപ്പോഴുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടിയേയും പിന്തുണയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രജനി പറഞ്ഞു.
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് പിന്തുണ നല്‍കി സംസാരിക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ അവര്‍ ജയം നേടുകയും ചെയ്‌തു. എന്നാല്‍, അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എന്റെ പേര് വലിച്ചിഴയ്‌ക്കപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് താന്‍ അറിയിക്കുന്നതെന്നും സ്റ്റൈൽ മന്നൻ പറഞ്ഞു.
എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടികാഴ്ചയിലയിരുന്നു രജനീ കാന്ത് ഇക്കാര്യം പറഞ്ഞത്.
നേരത്തെ ബിജെപിയടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും അദ്ദേഹം വിഷയത്തില്‍ നിലപാടറിയിച്ചില്ല. അതിനിടെ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ നഗ്‍മ ചെന്നൈയിലെ വസതിയിലെത്തി താരവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.