10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി തുന്നിയ ചെരുപ്പ് വിട്ടുകൊടുത്തില്ലെന്ന് ചെരുപ്പ് കുത്തി. സുല്‍ത്താന്‍ പൂരിലെ വിതായത് നഗറിനടുത്തുള്ള റാം ചേത് എന്ന ചെരുപ്പുകുത്തിയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കാനാണ് തന്റെ തീരുമാനമെന്ന് റാം ചേത് പറഞ്ഞു. വളരെ അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി തന്റെ ചെറിയ കടയിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനുശേഷം നിരവധി ഉദ്യോഗസ്ഥര്‍ തന്റെ കടയിലേക്ക് എത്താറുണ്ടെന്നും തന്റെ പ്രശ്‌നങ്ങള്‍ തിരക്കാറുണ്ടെന്നും പറയുന്നു.
കഴിഞ്ഞമാസം 26നാണ് രാഹുല്‍ ഗാന്ധി കടയിലെത്തിയത്. രാഹുലിന്റെ സന്ദര്‍ശനത്തോടെ എന്റെ പ്രശസ്തി ഉയര്‍ന്നു. എന്റെ ലോകം പാടെ മാറി. മുമ്പ് എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ എന്റെ കടയില്‍ ആളുകള്‍ വരുന്നുണ്ട്. പലരും എന്നോടൊപ്പം സെല്‍ഫി എടുക്കുന്നുണ്ടെന്നും റാം പറയുന്നു.