മോദിയെ സമ്മര്‍ദ്ദത്തിലാക്കി പ്രശാന്ത് ഭൂഷൺ; അഴിമതിപ്പട്ടിക പുറത്ത്
രാഹുല്‍ പറഞ്ഞത് സത്യമോ ?; കേന്ദ്രമന്ത്രിമാരുടെ അഴിമതിപ്പട്ടിക പുറത്തുവിട്ട് പ്രശാന്ത് ഭൂഷൺ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെ പണം കൈപറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതൽ പേരുകൾ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പുറത്തുവിട്ടു.
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്, കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് എന്നിവർ അടക്കമുള്ളവരുടെ പട്ടികയാണ് പ്രശാന്ത് ഭൂഷൺ ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് 1.25 കോടി രൂപ ലഭിച്ചപ്പോള്‍ ഖുർദിഷ് 30 ലക്ഷം രൂപയും, ദ്വിഗ് വിജയ് സിംഗിന് 25 ലക്ഷം രൂപയും ലഭിച്ചെന്നും പ്രശാന്ത് ഭൂഷൺ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 9 തവണയായി സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി പണം കൈപ്പറ്റിയെന്നാണ് രാഹുല്‍ ബുധനാഴ്‌ച വ്യക്തമാക്കിയത്. സഹാറയെ കൂടാതെ ബിർള ഗ്രൂപ്പില്‍ നിന്നും മോദി കോടികൾ വാങ്ങിയെന്നും രാഹുൽ ആരോപിച്ചു.
2013 ഒക്ടോബർ 30ന് 2.5 കോടിയും, നവംബർ 12ന് 5 കോടി രൂപയും നവംബർ 27ന് 2.5 കോടി രൂപയും നവംബർ 29 ന് 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ 5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014ലും മോദി ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.