പദ്മാവതി രാഷ്ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു
പദ്മാവതി രാഷ്ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു
സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചലച്ചിത്രം പദ്മാവതി നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ പുതിയ നീക്കവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹൻ രംഗത്ത്.
പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലിൽ പ്രതിമ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, മധ്യപ്രദേശ് സർക്കാർ സംസ്ഥാനതലത്തിൽ രാഷ്ട്രമാതാ പദ്മാവതി പുരസ്കാരം ഏർപ്പെടുത്താനും തീരുമാനിച്ചു.
അതേസമയം, പദ്മാവതി നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെൻസർബോർഡിന്റെ പ്രവർത്തനത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ എംഎൽ ശർമ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
പദ്മാവതിയെ അവഹേളിക്കുന്നതാണ് സിനിമയെന്നും അനുമതിയില്ലാതെ സിനിമയിലെ പാട്ടുകൾ പുറത്തുവിട്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന് സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ചിത്രത്തിനെതിരെ കർണി സേനയാണ് രംഗത്തുള്ളത്.
രജപുത്ര രാജ്ഞിയായ പദ്മിനിയുടെയും മുസ്ലിം ചക്രവർത്തി അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള ബന്ധം ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നാണ് രജപുത് കർണി സേന ആരോപിച്ചിരിക്കുന്നത്.