കിങ്ങ് ഖാനെ ഒരു നോക്കു കാണാന്‍ ആരാധകക്കൂട്ടം; തിക്കിലും തിരക്കിലും ഒരാൾ ശ്വാസം മുട്ടി മരിച്ചു
ഷാരൂഖ് ഖാനെ കാണാൻ തിക്കിത്തിരക്കി ആരാധകർ; ഒരാൾ ശ്വാസം മുട്ടി മരിച്ചു
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം വഡോദര റയില്‍വേ സ്റ്റേഷനില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.
പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ് മരിച്ചത്. തന്റെ പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാർത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിൽ മുംബൈയിൽനിന്ന് ന്യൂഡൽഹിയിലേക്കു പോകുകയായിരുന്നു ഖാന്. ട്രെയിന്‍ വഡോദര സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് ആരാധകർ സൂപ്പർതാരത്തെ കാണാൻ തിക്കും തിരക്കും കൂട്ടിയത്.
ഷാരൂഖ് വരുന്നുണ്ടെന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയതും താരത്തെ കാണുന്നതിനായി ആരാധകർ തിക്കിത്തിരക്കി. തുടർന്ന് ട്രെയിൻ സ്റ്റേഷനിൽനിന്നും എടുത്തതോടെ ആരാധകരും അതിനൊപ്പം ഓടുകയായിരുന്നു. ഈ സമയം പ്ലാറ്റ്ഫോമിൽ ചിലർ വീഴുകയും ചെയ്തു. ആ കൂട്ടത്തിലെ ഒരാളാണ് തിക്കിലും തിരക്കിലും ശ്വാസം മുട്ടി മരിച്ചത്.