ആപിന് ആപ്പുവച്ചവർക്ക് തിരിച്ചടി
20 ആം ആത്മി എം എൽ എമാരെ അയോഗ്യരാക്കിയ നടപടി ഡെൽഹി ഹൈക്കോടതി തള്ളീ
ന്യൂഡൽഹി: ഇരട്ട പദവി വിവാദത്തിൽ ആം ആത്മി പാർട്ടിക്ക് ആശ്വാസം. 20 ആം ആത്മി എം എൽ എ മാരെ അയോഗ്യരാക്കിയ ഇലക്ഷൻ കമ്മീഷന്റെ നടപടി ഡെൽഹി ഹൈക്കോടതി തള്ളി. കമ്മിഷന്റെ നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു.
എം എൽ എ മാരുടെ ഭാഗം കേൾക്കാതെയാണ് കമ്മീഷൻ തീരുമാനമെടുത്തത്. ഇരട്ട പദവിയുമായി ബന്ധപ്പെട്ട പരാതികൾ വീണ്ടും പരിഗണിക്കണം എന്നും കോടതി ഇലക്ഷൻ കമ്മീഷന് നിർദേശം നൽകി.
ജനുവരി 19 നായിരുന്നു ഇരട്ട പദവി വഹിച്ചു എന്ന പരാതിയിൽ ഇലക്ഷൻ കമ്മീഷൻ ആം ആത്മി പാർട്ടിയുടെ ഇരുപത് എം എൽ എ മാരെ കൂട്ടത്തോടെ അയോഗ്യരാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് കമ്മീഷന്റെ ഉത്തരവു അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഇലക്ഷൻ കമ്മിഷന്റെ നടപടിക്കെതിരെ എം എൽ എ മാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.