New GST Rate India: അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ക്കും പാല്‍ ഉത്പന്നങ്ങള്‍ക്കും ഇന്നുമുതല്‍ വില കൂടും. പാക്കറ്റില്‍ വില്‍ക്കുന്ന തൈര്, മോര്, ലസി, പനീര്‍, ശര്‍ക്കര, തേന്‍, അരിപ്പൊടി, ആട്ട, അവില്‍, ഓട്‌സ്, മാംസം (ഫ്രോസണല്ലാത്തത്), മീന്‍ തുടങ്ങിയവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ബാധകമാകുന്നതോടെയാണ് വില വര്‍ധനവ് സംഭവിക്കുക.
മുന്‍പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുമാത്രമായിരുന്നു ജി.എസ്.ടി. ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി നല്‍കണം. ഈ ഉത്പന്നങ്ങളുടെ ചില്ലറവില്‍പ്പനയ്ക്ക് നികുതി ബാധകമായിരിക്കില്ല.
അതേസമയം, അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറയായി തൂക്കി വില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ല. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.