പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേനാ മേധാവി എം എം നർവനെ. ഭീകരാക്രമണത്തിന്റെ പാതയിൽ പാകിസ്ഥാൻ തുടരുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനെതിരെ കടുത്ത നടപടികളുണ്ടാകണമെന്നും ലോകത്തെ വിഡ്ഡികളാക്കാൻ പാകിസ്ഥാനെ അനുവദിക്കില്ലെന്നും എം എം നർവനെ അഭിപ്രായപ്പെട്ടു.
കാശ്മീർ പുനസംഘടനക്ക് ശേഷം അവിടത്തെ ഭീകരാക്രമണം അമർച്ച ചെയ്യാൻ കഴിഞ്ഞെന്ന് പറഞ്ഞ കരസേനാ മേധാവി പാകിസ്ഥാനിൽ നിന്നുള്ള ഏതു രീതിയിലുള്ള അക്രമണവും നേരിടാൻ ഇന്ത്യ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ഭീകരവാദത്തെ ഒരു നയമായി പാകിസ്ഥാൻ ഉപയോഗിക്കുകയാണെന്നും സംയുക്ത സൈനിക മേധാവി എന്നത് സൈന്യം ദശാബ്ദങ്ങളായി ഉയർത്തുന്ന ആവശ്യമാണെന്നും നർവനെ പറഞ്ഞു.
പുതിയ കരസേന മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന കരസേന മേധാവി ബിപിൻ റാവത്തിൽ നിന്നാണ് നർവനെ ചുമതല ഏറ്റെടുത്തത്.