മഴക്കെടുതിയും പ്രളയവും കേരളം വിളിച്ചുവരുത്തിയതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ഭൂമിയും മണ്ണും തല തിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് പ്രളയത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയത്തെ നേരിടുന്നത് ലളിതമായേനെ എന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കാര്യങ്ങൾ ആശങ്കാജനകമാണ് അതിനാൽ വിശദമായ നിർദേശങ്ങൾ കമ്മറ്റി നൽകിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗികാരത്തോടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഒന്നും തന്നെ നടപ്പാക്കിയില്ല.
റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഉണ്ടാവുമായിരുന്നില്ല എന്ന് അവകാശപ്പെടുന്നില്ല. എന്നാൽ ദുരന്തത്തിന്റെ തോത് വളരെയധികം കുറയുമായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും സ്ഥാപിത താൽപര്യമുള്ള ചിലരും സാമ്പത്തിക നേട്ടങ്ങൾക്ക് ഒന്നിച്ചതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നും അവരാണ് ദുരന്തത്തിന്റെ ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി.