Vijay: അപകടം നടന്ന വിവരം അറിഞ്ഞിട്ടും സിനിമാ സ്റ്റൈല്‍ പ്രസംഗം തുടര്‍ന്ന് വിജയ്; ആശുപത്രിയിലേക്ക് എത്താതെ തിടുക്കത്തില്‍ ചെന്നൈയിലേക്ക്
സെപ്റ്റംബര്‍ 27 (ശനി) ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് റാലിക്ക് അനുമതി നല്‍കിയിരുന്നത്
Vijay: കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയിക്കെതിരെ കേസെടുക്കും. സംഘാടനത്തിലെ വീഴ്ചയാണ് അപകടത്തിനു പ്രധാന കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
സെപ്റ്റംബര്‍ 27 (ശനി) ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് റാലിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ രാവിലെ 11 മുതല്‍ കരൂരില്‍ വലിയ ജനക്കൂട്ടം ഉണ്ടായി. മൂന്ന് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച പരിപാടിയിലേക്ക് വിജയ് എത്തിയത് രാത്രി 7.40 നാണ്. ഇത്രയും നേരം ആളുകള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ നില്‍ക്കേണ്ടിവന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്ന് തമിഴ്‌നാട് ഡിജിപി വെങ്കട് രാമന്‍ പറഞ്ഞു.
സംഭവസ്ഥലത്ത് അപകടം ഉണ്ടായെന്ന് അറിഞ്ഞിട്ടും വിജയ് പ്രസംഗം തുടരുകയായിരുന്നു. ഗുരുതര സ്ഥിതിവിശേഷമുണ്ടെന്ന് അറിഞ്ഞ ശേഷവും വിജയ് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇതിനിടെ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സിനെ നോക്കി തമാശരൂപേണ സംസാരിക്കുകയും ചെയ്തു. പിന്നീട് അപകടത്തിന്റെ തീവ്രത മനസിലാക്കിയപ്പോഴാണ് പ്രസംഗം നിര്‍ത്തി വിജയ് കരൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്.
ആശുപത്രി സന്ദര്‍ശിക്കാനോ അപകടത്തെ കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാനോ വിജയ് തയ്യാറായില്ല. ചെന്നൈയില്‍ എത്തിയ ശേഷം മാത്രമാണ് താരം അപകടത്തെ കുറിച്ച് പ്രതികരിച്ചത്.
ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അപകടത്തില്‍ 39 പേര്‍ മരിച്ചു. 16 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെയാണിത്. അമ്പതിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.