ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി വിവാദം; വിഷയത്തില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്‌റ്റീസ് - സത്യപ്രതിജ്ഞാ ക്രമത്തില്‍ മാറ്റംവരുത്താതെ കേന്ദ്രം
ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി വിവാദം; വിഷയത്തില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്‌റ്റീസ് - സത്യപ്രതിജ്ഞാ ക്രമത്തില്‍ മാറ്റംവരുത്താതെ കേന്ദ്രം
ഉത്തരാഖണ്ഡ് ചീഫ് ജസ്‌റ്റീസും മലയാളിയുമായ കെഎം ജോസഫിന്‍റെ സിനിയോറിറ്റി കുറച്ച നടപടിയില്‍ ഇടപെടാമെന്ന് ചീഫ് ജസ്‌റ്റീസ് ദീപക് മിശ്ര. വിവാദത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിഷയത്തില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്‌റ്റീസ് പറഞ്ഞത്.
വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരാന്‍ ഇടപെടും. ഇക്കാര്യം അറ്റോർണി ജനറലുമായി ചർച്ച ചെയ്യാമെന്ന് മിശ്ര ജസ്‌റ്റീസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ എത്തിയ ജഡ്‌ജിമാരോട് വ്യക്തമാക്കി.
രാവിലെ ദീപക് മിശ്രയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
എന്നാല്‍ പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ക്രമത്തില്‍ സര്‍ക്കാര്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല.
കൊളീജിയം നൽകിയ നിയമന ശുപാർശയിൽ കെഎം ജോസഫിന്റെ പേരായിരുന്നു ആദ്യത്തേത്. എന്നാൽ, കേന്ദ്ര സർക്കാർ ഈ ക്രമം മാറ്റി ജസ്‌റ്റീസുമാരായ ഇന്ദിരാ ബാനർജിക്കും വിനീത് സരണിനും പിന്നിൽ കെഎം ജോസഫിനെ മൂന്നാമനാക്കുകയായിരുന്നു.
നിലവിലെ ക്രമം അനുസരിച്ച് രണ്ട് പേർക്കും സുപ്രീംകോടതിയിൽ ജസ്റ്റിസ് ജോസഫിനെക്കാൾ സീനിയോറിട്ടി ലഭിക്കും. ഇതാണ് ജഡ്ജിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ജനുവരി 10ന് കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ജോസഫിന്‍റെ നിയമനം കേന്ദ്രം ഇത്രയും വൈകിപ്പിച്ചതിനാലാണ് സീനിയോറിറ്റി കുറയാന്‍ കാരണമായത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റീസാണ് ഇന്ദിരാബാനര്‍ജി, വിനീത് സരൻ ഒറീസ ഹൈക്കോടതി ചീഫ് ജസ്‌റ്റീസാണ്.