സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാൻ രണ്ടാമതുമെത്തിയ തൃപ്തി ദേശായിക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. തൃപ്തിയുടെ രണ്ടാം വരവിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും സംസ്ഥാനത്ത് സംഘർഷം വിതയ്ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും റിപ്പോർട്ടുകൾ.
ശബരിമലയെ പ്രക്ഷുബ്‌ധമാക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ കർക്കശ നിലപാടാണ് സംഘപരിവാർ നേതൃത്വത്തിന്റെ അറിവോടെയുള്ള നീക്കം പൊളിച്ചത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയെന്ന രാഷ്‌ട്രീയ ലക്ഷ്യമാണ് വരവിനു പിന്നിൽ. പല കണക്കുകൂട്ടലും നടത്തിയ ശേഷമാണ് ഇക്കൂട്ടർ തൃപ്തി ദേശായി അടക്കമുള്ള ആളുകളെ കളത്തിലിറക്കിയത്. എന്നാൽ, ഇവയെല്ലാം പാളി പോവുകയായിരുന്നു.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയ്‌ക്ക് പോകുന്നതിനു പകരം കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിലേക്ക് എത്തിയതും സംശയം ബലപ്പെടുത്തുന്നു. ഇവർ കമീഷണർ ഓഫീസിൽ എത്തുന്നതിനുമുമ്പുതന്നെ അവിടെ ബിജെപി, ആർഎസ്‌എസ് സംഘം പ്രതിഷേധിക്കാൻ അണിനിരന്നിരുന്നു.
ശബരിമലയിലെ നിലവിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നതായി പൊലീസ് ഇന്റലിജൻസിന് വിവരം കിട്ടിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്ന് യുവതികളെ എത്തിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള നീക്കത്തെക്കുറിച്ചും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.