ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവുമായി അടുത്തയാഴ്‌ച്ച കമാൻഡർ തല ചർച്ചകൾ നടത്തും. കിഴക്കൻ ലഡാക്കിൽ നാലുമാസമായി തുടരുന്ന സംഘർഷം ലഘൂകരിക്കാനും പട്ടാളത്തെ പിൻവലിക്കാനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ടിട്ടുള്ള അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ചായിരിക്കും ചർച്ച.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്കോവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. അതേസമയം അരുണാചൽ പ്രദേശിലെ സുബാൻസിരി ജില്ലയിൽ നിന്നും സെപ്‌റ്റംബർ നാലിന് കാണാതാവുകയും പിന്നീട് ചൈനയിൽ നിന്നും കണ്ടെത്തുകയും ചെയ്‌ത അഞ്ച് യുവാക്കളെ ചൈനീസ് പട്ടാളം ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.