കർണാടകത്തിൽ ബി ജെ പി ഭരണത്തിലെത്താതിരിക്കാനായി കരുക്കൾ നീക്കിയ ഡി കെ ശിവകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തന്നെ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഡി കെ ഷിവകുമാറിന്റെ സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
ഡി കെ ശിവ കുമാറിനെതിരെയുള്ള അന്വേഷണങ്ങൾ പുരോഗമിച്ചുവരികയാണ്. അധികം വൈകാതെ തന്നെ ശിവകുമാറിന്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് കർണാടക ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറൽ ബി ആർ ബാലകൃഷണൻ വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ ഡി കെ ശിവകുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
2017ൽതന്നെ ആദായ നികുതി വകുപ്പ് ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയിഡ് നടത്തിയിരുന്നു. കർണാടകത്തിൽ ബി ജെ പിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ ഈ കേസ് വീണ്ടും സജീവമായി. ഡി കെ ശിവ കുമാറിന് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും, ഡൽഹിയിലും കണക്കിൽപ്പെടാത്ത സ്വത്തുക്കൾ ഉള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
തെറ്റായ ടാക്സ് റിട്ടേൺ കണക്കുകൾ സമർപ്പിച്ചു എന്ന കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ സെപ്തംബറിൽ ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. തനിക്ക് 840 കോടിയുടേ ആസ്തി ഉള്ളതായാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിച്ചപ്പോൾ ഡി കെ ശിവകുമാർ സത്യവാങ്‌മൂലം നൽകിയത്.