യുദ്ധഭീതിയിലാണ് ഇന്ത്യാ -പാക് അതിർത്തി എപ്പോഴും. എന്നാൽ, അതിർത്തിയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത ഇരുരാജ്യങ്ങൾക്കും സമാധാനത്തിന്റേയും മനുഷ്യത്വത്തിന്റേയും പുതിയ മാനം നൽകുന്നു. പാകിസ്ഥാനിലെ ഗ്രാമത്തിൽ നദിയിൽ വീണ മരിച്ച എഴു വയസുകാരനായ ബാലന്റെ മൃതദേഹം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. സുരക്ഷാ പ്രശ്നങ്ങൾ പോലും അവഗണിച്ച് ഇന്ത്യൻ സൈന്യം മൃതദേഹം പാകിസ്താന് കൈമാറി.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് 7 വയസുകാരന്റെ മൃതദേഹം പാകിസ്താൻ നദിയിൽ നിന്നും അതിർത്തി കടന്ന് അച്ചൂര ഗ്രാമത്തിൽ എത്തുന്നത്. കിഷൻഗംഗ നദിയിലൂടെ ഒഴുകിയെത്തിയ ബാലന്റെ മൃതദേഹം ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കാണാതായ മകന്റെ ഫോട്ടോ ഉപയോഗിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കുട്ടിയുടെ പാക് മാതാപിതാക്കൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഗ്രാമവാസികൾ വിവരം ബന്ദിപ്പോര പോലീസിൽ അറിയിച്ചു.
പാക് അധീന കശ്മീരിലെ മിനിമാർഗ് അസ്തൂർ സ്വദേശിയായിരുന്നു 7 വയസുകാരനായ ആബിദ് ഷെയ്ഖ്. വിവരം അറിഞ്ഞയുടൻ സൈന്യവുമായി ബന്ധപ്പെട്ടെന്നും എത്രയും വേഗം മൃതദേഹം വിട്ടുനൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെന്നും ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മീഷണർ ഷഹബാസ് മിശ്ര വ്യക്തമാക്കി.
എന്നാൽ, മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കാൻ അച്ചൂരയിൽ മോർച്ചറി ഉണ്ടായിരുന്നില്ല. തുടർന്ന് മഞ്ഞുമലകളിൽ നിന്നും വെട്ടിയെടുത്ത ഐസ് പാളികൾ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ ഗ്രാമീണർ സംരക്ഷിക്കുകയായിരുന്നു. മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങൾ നടത്തുന്ന കുപ്വാരയിലെ തീത്വാൾ ക്രോസിൽവെച്ച് നടത്തണമെന്ന് പാകിസ്താൻ നിലപാടെത്തു. അച്ചൂരയിൽ നിന്നും 200 കിലോമീറ്റർ അകലെയാണത്.
ഗുരേസ് വാലിയിൽവെച്ചു തന്നെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യ നിലപാടെടുത്തെങ്കിലും ഗുരേസിന് ചുറ്റുമുള്ള മൈൻ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാക് സൈന്യത്തിന്റെ ആശങ്ക. മൈനുകൾ പാകിയ അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് മീറ്റിംഗ് പോയിന്റിലെത്തി ഉച്ചയ്ക്ക് 12.39ന് മൃതദേഹം പരിശോധന കഴിഞ്ഞ് പാകിസ്താന് കൈമാറി.