സെമി ഫൈനലിൽ പെടാപാട് പെടുന്ന ഇന്ത്യയേയും ഓസ്ട്രേലിയയേയുമാണ് ഇംഗ്ലണ്ടിൽ കാണാൻ കഴിഞ്ഞത്. ഒടുവിൽ ന്യൂസിലഡിനു മുന്നിൽ തോറ്റ് ഇന്ത്യയും ഇംഗ്ലണ്ടിനോട് തോറ്റ് ഓസ്ട്രേലിയയും പുറത്തുപോയി. ഇനിയുള്ളത് ഫൈനൽ. ന്യൂസിലൻഡും ഇംഗ്ലണ്ടും നേർക്കു നേർ.
ഇവരിൽ ആര് ജയിച്ചാലും അത് ചരിത്രമാകും. കാരണം, ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് കിരീടം ചൂടാനായിട്ടില്ല. അതിനാൽ, ആരു ജയിച്ചാലും കിരീടത്തിനു പുതിയ അവകാശി ആയിരിക്കും.
കളിച്ച ഏഴു സെമി ഫൈനലുകളില്‍ ആറിലും ജയം സ്വന്തമാക്കി ഫൈനലിലെത്തിയിരുന്ന ഓസീസിനെയാണ് ഇംഗ്ലണ്ട് മറികടന്നത് എന്നതും ശ്രദ്ധേയമാണ്. ആതിഥേയർ കൂടിയായ ഇംഗ്ലണ്ടിനു ഇത്തവണ കപ്പ് ഉയർത്താൻ സാധിക്കുമോയെന്നാണ് കാണികൾ ആകാംഷയോടെ ഉറ്റു നോക്കുന്നത്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് കൂടിയായ ന്യൂസിലാന്‍ഡ് കന്നി ലോകകപ്പ് തേടിയാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തിയത്. ഇതിനു മുൻപും കിവീസ് സെമിയിൽ എത്തിയിട്ടുണ്ട്. ഒന്നല്ല, ഏഴ് തവണ. എന്നാല്‍ 2015ലെ കഴിഞ്ഞ ലോകകപ്പിലൊഴിച്ച് മറ്റുള്ള ആറു സെമിയിലും അവര്‍ക്കു തോല്‍വി നേരിട്ടു. ഒടുവിൽ ഇന്ത്യയെ മറികടന്ന് ഫൈനലിലേക്ക് പ്രവേശനം എടുത്തിരിക്കുകയാണ് ന്യൂസിലൻഡ്.