മോദിയെ പുകഴ്‌ത്തി ഇസ്രയേല്‍; വഴി തുറന്നിട്ട് സൗദി - ‘ചരിത്ര മുഹൂർത്ത’മെന്ന് അധികൃതര്‍ - പറന്നുയര്‍ന്ന് എയർ ഇന്ത്യ
മോദിയെ പുകഴ്‌ത്തി ഇസ്രയേല്‍; വഴി തുറന്നിട്ട് സൗദി - ‘ചരിത്ര മുഹൂർത്ത’മെന്ന് അധികൃതര്‍ - പറന്നുയര്‍ന്ന് എയർ ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും വാഗ്ദാനങ്ങള്‍ മാത്രമല്ല പ്രവര്‍ത്തിയും ഉണ്ടാകും. വിമര്‍ശകരുടെയും രാഷ്‌ട്രീയ എതിരാളികളുടെയും വിലയിരുത്തുകളെ കാറ്റില്‍ പറത്തി മോദി വാഗ്ദാനം ചെയ്‌തതു പോലെ തന്നെ സൗദി അറേബ്യയുടെ ആകാശത്തിലൂടെ ഇസ്രയേലിലേക്ക് എയർ ഇന്ത്യയുടെ വിമാനം പറന്നു.
ഇസ്രയേൽ സന്ദർശനത്തിനിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കു നേരിട്ടു വിമാന സർവീസ് തുടങ്ങുമെന്നു മോദി വ്യക്തമാക്കിയത്. ന്യൂഡൽഹിയില്‍ നിന്നോ മുംബൈയില്‍ നിന്നോ ടെൽ അവീവിലേക്കു നേരിട്ടു വിമാന സർവീസ് നടത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍, സൗദി – ഇസ്രയേൽ നയതന്ത്രബന്ധം മോശമായ രീതിയില്‍ തുടരുന്നതിനാല്‍ മോദിയുടെ പ്രഖ്യാപനത്തെ പരിഹാസത്തോടെയാണ് വിമര്‍ശകര്‍ കണ്ടത്. ഒരിക്കലും നടക്കാത്ത കാര്യം എന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് വിമാന സര്‍വ്വീസ് യാഥാര്‍ഥ്യമായത്.
വിമാന സര്‍വ്വീസിനെ ആരംഭിച്ചതിനെ ‘ചരിത്ര മുഹൂർത്തം’ എന്നാണ് ഇസ്രയേല്‍ ഗതാഗത മന്ത്രി യിസ്രയേൽ കാട്സ് വിശേഷിപ്പിച്ചത്. ഈ നീക്കം സൗദിയുമായുള്ള ബന്ധം മികച്ചതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പ്രത്യേശ പ്രകടിപ്പിച്ചു. മോദിയുടെ ഈ നേട്ടത്തെ ഇസ്രയേല്‍ അധികൃതര്‍ ഉള്‍പ്പെടയുള്ളവര്‍ പ്രശംസിച്ചു.
ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായി മൂന്നു ഫ്ലൈറ്റുകളായിരിക്കും ഇസ്രയേലിലേക്കും തിരിച്ചും സർവീസ് നടത്തുക. ന്യൂഡൽഹിയിൽ നിന്നു വ്യാഴാഴ്ച ഉച്ചയ്ക്കു 12.30നാണ് എഐ139 ഫ്ലൈറ്റ് പറന്നുയർന്നത്. രാത്രി എട്ടേകാലോടെ ടെൽ അവീവിൽ ഇറങ്ങുകയും ചെയ്തു.