നോട്ട് നിരോധനം വീണ്ടുവിചാരമില്ലാത്ത നടപടി; ജിഎസ്ടിയും കറന്‍സി പിന്‍വലിക്കലും രണ്ട് ദുരന്തങ്ങള്‍ - മൻമോഹൻ
നോട്ട് നിരോധനം വീണ്ടുവിചാരമില്ലാത്ത നടപടി; ജിഎസ്ടിയും കറന്‍സി പിന്‍വലിക്കലും രണ്ട് ദുരന്തങ്ങള്‍ - മൻമോഹൻ
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീണ്ടുവിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ്. നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമവിധേയമായ പിടിച്ചുപറിയുമാണ്. നവംബർ എട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്കും ഇന്ത്യൻ ജനാധിപത്യത്തിനും കറുത്ത ദിനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
86 ശതമാനം കറന്‍സിയും പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയില്‍ അല്ലാതെ ലോകത്തില്‍ വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല. സൂറത്തിലെ ടെക്റ്റൈൽസ് രംഗത്ത് മാത്രം നോട്ട് നിരോധനത്തെ തുടർന്ന് 21,000പേർക്കാണ് തൊഴിൽ നഷ്ടമായതെന്നും മന്‍മോഹന്‍ കൂട്ടിച്ചെര്‍ത്തു.
നോട്ട് അസാധുവാക്കലെന്ന ദുരന്തസമാനമായ ഒരു തീരുമാനം രാജ്യത്ത് നടപ്പിലാക്കിയിട്ട് നാളെ ഒരു വർഷം തികയുകയാണ്. പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചുവെന്നും മൻമോഹൻ പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റേയും നോട്ട് നിരോധന വാർഷികത്തിന്റേയും പശ്ചാത്തലത്തിൽ അഹമ്മദാബാദിൽ വ്യാപാരികളെ പങ്കെടുപ്പിച്ചു കൊണ്ട് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മൻമോഹൻ സിംഗിന്റെ വിമർശനം.