നോട്ടുകള്‍ അസാധുവാക്കിയ നടപടി: രാജ്യത്ത് വലിയ സമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം
നോട്ടുനിരോധനം സാമ്പത്തികനേട്ടം കൈവരിക്കാൻ സഹായിച്ചുവെന്ന് ധനകാര്യ മന്ത്രാലയം
നോട്ടുനിരോധനത്തോടെ രാജ്യത്ത് സാമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. രാജ്യത്തേക്കൊഴുകിയ വ്യാജനോട്ടുകളുടെയും കള്ളപ്പണത്തിന്റെയും അളവു കുറയ്ക്കാനും നോട്ടുനിരോധനത്താൽ കഴിഞ്ഞുവെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യേഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
2017 ആഗസ്റ്റ് 4 വരെയുള്ള കണക്കുകൾ അനുസരിച്ച് വിപണിയിലുണ്ടായിരുന്ന പണത്തിന്റെ അളവ് കുറഞ്ഞു. 17.77 ലക്ഷം കോടി രൂപയുടെ പണവിനിമയം നടന്നിരുന്ന രാജ്യത്ത് നോട്ടുനിരോധനത്തിന് ശേഷം ഇത് 14.75 ലക്ഷം കോടി രൂപയായി കുറഞ്ഞെന്നും നോട്ടുനിരോധനത്തോറ്റെ പണവിനിമയ നിരക്ക് 83 ശതമാനമായെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം നവംബർ 8 നായിരുന്നു കേന്ദ്രസർക്കാർ 500 ന്റെയും 1000 ത്തിന്റെയുംനോട്ടുകൾ നിരോധിച്ചത്. ഇതിലൂടെ രാജ്യത്തിന് സമ്പത്തികനേട്ടം കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രാലയത്തിന്റെ ട്വിറ്റിൽ വ്യക്തമാക്കുന്നു. കൂടാതെ നികുതിയിൽ അധിഷ്ടിതമായ വികസനം, അനിയന്ത്രിതമായി നിലകൊണ്ട് സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനും ഡിജിറ്റൽ പണമിടപാടുകളില്‍ വർദ്ധനയുണ്ടാക്കാനും രാജ്യത്തിന് സാധിച്ചു.
സെപ്തംബർ 4 വരെയുള്ള കണക്കുകൾ അനുസരിച്ച് 1.24 ലക്ഷംകോടി രൂപയുടെ ഇടപാടുകൾ ഡിജിറ്റൽ രൂപത്തിൽ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബി ജെ പി തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള മറ്റു പ്രതിപക്ഷ പാർട്ടികൾ ഈ ദിവസം കരിദിനമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്.