'ഓടക്കുഴൽ നാദം കേട്ടാൽ പശു കൂടുതൽ പാൽ ചുരത്തും'; പുതിയ കണ്ടെത്തലുമായി ബിജെപി എംഎൽഎ
സ്വന്തം മണ്ഡലത്തില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവിന് സമീപം ഓടക്കുഴല്‍ വായിച്ചാല്‍ കൂടുതല്‍ പാല്‍ ചുരത്തുമെന്ന വിചിത്ര വാദവുമായി ബിജെപി എംഎല്‍എ. അസമിലെ ബരാക് താഴ്‌വരയിലെ സില്‍ചാറില്‍ നിന്നുള്ളബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോളിന്റേതാണ് ഈ കണ്ടെത്തല്‍.സ്വന്തം മണ്ഡലത്തില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഗുണവശങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഭഗവാന്‍ ശ്രീകൃഷ്ണനെപ്പോലെ പശുവിന് സമീപത്തുനിന്ന് ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല്‍ ചുരത്തും. ഗുജറാത്തിലെ ഒരു സന്നദ്ധസംഘടന ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയിരുന്നതായും, ഓടക്കുഴല്‍ നാദം കേള്‍ക്കുന്നത് പാലിന്റെ അളവില്‍ വര്‍ധനയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
കൂടുതല്‍ പാല്‍ ലഭിക്കുന്നതന് വിദേശ ഇനം പശുക്കളെ വളര്‍ത്തുന്നത് സാധാരണമായിട്ടുണ്ട്. വിദേശ ഇനം പശുക്കളുടേത് നല്ല വെളുത്ത പാലാണെങ്കില്‍ ഇന്ത്യന്‍ പശുക്കളുടേത് നേരിയ മഞ്ഞനിറത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടുതല്‍ സ്വാദിഷ്ടവും ആരോഗ്യകരവുമാണ്. ഇന്ത്യന്‍ പശുവിന്റെ പാലില്‍ നിന്നും ഉണ്ടാക്കുന്ന വെണ്ണ, നെയ്യ് തുടങ്ങിയവയാണ് കൂടുതല്‍ മികച്ചതെന്നും ദിലീപ് കുമാര്‍ പോള്‍ അവകാശപ്പെട്ടു.
അസം, മേഘാലയ, ത്രിപുര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ പശുക്കളെ ബംഗ്ലാദേശിലേക്ക് കടത്തുന്നതില്‍ അസം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ ദിലീപ് കുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. പശുക്കളെ നാം ഗോമാതാവായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് പശുക്കളെയാണ് ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്തുന്നത്. ഇത് അടിയന്തരമായി തടയണമെന്നും ദിലീപ്കുമാര്‍ പോള്‍ ആവശ്യപ്പെട്ടു.