ദില്ലി: പാക് അധീന കശ്‌മീരിൽ രണ്ട് പാക് അർധ സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് അധീന കശ്‌മീരിലെ ഡയമർ ജില്ലയിൽ കാരക്കോറം ഹൈവേയിലുള്ള സൈനിക ചെക്പോസ്റ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്ക്‌പോസ്റ്റിൽ 17 വെടിയുണ്ടകൾ തറച്ചുകയറിയതിൻ്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ആക്രമണത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി.
ചെക്പോസ്റ്റിന് എതിർവശത്തായുള്ള കുന്നിൻ മുകളിൽ നിന്നാണ് അജ്ഞാതർ വെടിവച്ചത്. ഇതിന് ശേഷം അക്രമികൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് വർഷം മുൻപ് 2023 ൽ ഇതേ പ്രദേശത്ത് ഒരു ബസിന് നേരെ വെടിവെപ്പുണ്ടായിരുന്നു. അന്ന് ഒൻപത് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം സുരക്ഷാ മുൻകരുതലെന്നോണം ഇവിടെ സ്ഥാപിച്ച ചെക്പോസ്റ്റിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. പരിക്കേറ്റ സൈനികൻ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.