അണ്ടര്‍ 17 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോറ്റത്. ഇതോടെ ഗ്രൂപ്പിലെ മൂന്ന് കളികളിൽ മൂന്നിലും തോറ്റ ഇന്ത്യ ഗ്രൂപ്പിൽ ലോകകപ്പില്‍ നിന്നും പുറത്തായി.
ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം നടന്ന മൂന്ന കളികൾക്കുമൊടുവിൽ ലോകകപ്പില്‍ സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയിലാണ് ആശ്വാസത്തിലുമാണ്. കായികക്ഷമതയിലും സാങ്കേതിക മികവിലും അനുഭവ സമ്പത്തിലും ഏറെ മുന്നിലുള്ള ടീമുകളോട് ഇന്ത്യന്‍ കുട്ടികളുടെ പ്രകടനം ഭാവിയിലേക്കുള്ള പ്രത്യാശ നല്‍കുന്നുവെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
മൂന്നാമത്തെ കളിയിൽ ഇന്ത്യൻ ടീം അക്ഷാരാർത്ഥത്തിൽ വെള്ളം കുടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ (43) എറിക് അയിയ ഘാനയ്ക്കു വേണ്ടി ആദ്യം ഇന്ത്യന്‍ വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അയിയ ഇന്ത്യയുടെ പോസ്റ്റില്‍ വീണ്ടും പന്തെത്തിച്ചു. റിച്ചാര്‍ഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടാക്കോയുമാണ് ഘാനയുടെ അവസാന രണ്ടു ഗോളിനുടമകള്‍. ഒരു പോയിന്റ് പോലും നേടാതെയാണ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകുന്നത്.