രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാക്കാരുടെ എണ്ണത്തിൽ വളരെ പിന്നിലാണ് കേരളത്തിൻറെ സ്ഥാനം. അടുത്തിടെ മാത്രമാണ് കൂടുതൽ സിനിമാക്കാർ സജീവമായി രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിത്തുടങ്ങിയത്. എന്നാൽ സിനിമാപ്രേമികളായ രാഷ്ട്രീയക്കാരുടെ എണ്ണമെടുത്താൽ അക്കാര്യത്തിൽ കേരളം സമ്പന്നമാണ്. എ കെ ആൻറണിയും വി എം സുധീരനും പിണറായി വിജയനും എം എ ബേബിയുമെല്ലാം മികച്ച സിനിമാസ്വാദകരാണ്.
അക്കൂട്ടത്തിലാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയുടെയും സ്ഥാനം. നല്ല സിനിമകളുടെ ആരാധകനാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രം ഏതെന്നറിയാമോ?
ഫാസിൽ സംവിധാനം ചെയ്‌ത എവർഗ്രീൻ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴ് ആണ് കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രം. ടിവിയിൽ മണിച്ചിത്രത്താഴ് വന്നാൽ അത് കണ്ടുതീർത്തിട്ടേ താൻ അതിനുമുന്നിൽ നിന്ന് മാറൂ എന്ന് കുഞ്ഞാലിക്കുട്ടി നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനോട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പതിറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്ന അത്ഭുതങ്ങളാണ് മണിച്ചിത്രത്താഴ് പോലെയുള്ള സിനിമകൾ. ഫാസിലിനുപോലും പിന്നീട് അതിന്റെയടുത്തെത്തുന്ന ഒരു ചിത്രം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. മലയാളികൾ അഭിരുമാനത്തോടെയും ആദരവോടെയും കാണുന്ന ആ സിനിമ മറ്റ് ഭാഷകളിലേക്ക് പകർത്തിയപ്പോഴും വലിയ സ്വീകരണം ലഭിച്ചു. എന്നാൽ റീമേക്കുകൾക്കൊന്നിനും മണിച്ചിത്രത്താഴിന്റെ മികവ് അവകാശപ്പെടാനായില്ല എന്നുമാത്രം.