മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങലൊരുക്കിയ ഡെന്നീസ് ജോസഫ് വിടവാങ്ങി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിനെ ഒരു പക്ഷേ മലയാള സിനിമ അടയാളപ്പെടുത്തുക മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങൾക്ക് ജന്മം നൽകിയ സൂപ്പർ എഴുത്തുകാരൻ എന്ന നിലയിലായിരിക്കും.
ന്യൂഡൽഹി മമ്മൂട്ടി എന്ന താരത്തിന് മലയാള സിനിമയിലെ രണ്ടാം ജന്മമാണ് നൽകിയതെങ്കിൽ രാജാവിന്റെ മകനിലൂടെ മോഹൻ ലാൽ എന്ന താരം സൃഷ്‌ടിക്കപ്പെടുകയായിരുന്നു. രണ്ട് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കാൻ സാധിച്ചത് മലയാളികളുടെ സ്വന്തം ഡെന്നീസിനായിരുന്നു.
മമ്മൂട്ടി ഉപേക്ഷിച്ച തിരക്കഥയിലൂടെയായിരുന്നു രാജാവിന്റെ മകൻ എന്ന എക്കാലത്തേയും വിജയചിത്രം ഉണ്ടായത്. ഒപ്പം മോഹൻലാൽ എന്ന പുതിയ താരവും പിറവി കൊണ്ടു. ഒരു താരമായി ആദ്യമെ സ്വീകരിക്കപ്പെട്ടെങ്കിലും തുടരെ തോൽവികൾ നേരിടുന്ന സമയത്തായിരുന്നു മമ്മൂട്ടിക്ക് രണ്ടാം ജന്മം നൽകിയ ന്യൂഡൽഹി എന്ന ചിത്രം വരുന്നത്. തുടർന്ന് നായർ സാബ് അടക്കമുള്ള ഡെന്നീസിന്റെ തന്നെ ചിത്രങ്ങളിലൂടെ മമ്മൂട്ടി തന്റെ സിംഹാസനം ഉറപ്പിക്കുകയും ചെയ്‌തു.
ഡെന്നീസ് ജോസഫ് എന്ന അതുല്യ പ്രതിഭ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചയാൾ എന്ന നിലയിലായിരിക്കും മലയാള സിനിമയിൽ ഭാവിയിൽ അടയാളപ്പെടുത്തുക. എന്നാൽ മലയാളികൾക്ക് തങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളായ രണ്ട് താരങ്ങളെ സമ്മാനിച്ചയാൾ എന്ന നേട്ടം കൂടി ഡെന്നീസ് ജോസഫിന് സ്വന്തമാണ്.