പരമശിവനും വിഷ്ണുവിനും ജനിച്ച മകനാണ് ശ്രീ അയ്യപ്പന്‍. ഭസ്മാസുരനെ വധിക്കുന്നതിനായി മോഹിനി രൂപം പൂണ്ട വിഷ്ണുവില്‍ ശിവന്‍ അനുരക്തനായി. അങ്ങനെ ശ്രീ അയ്യപ്പന്‍ ഭൂജാതനായി.
പിന്‍ഗാമിയെ ലഭിക്കാനായി പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തളം രാജാവ് വേട്ടയ്ക്കായി വരാറുള്ള കാട്ടില്‍ ശിവനും വിഷ്ണുവും ആ സുന്ദരബാലനെ ഉപേക്ഷിച്ചു. പന്തളം രാജാവ് ആ കുട്ടിയെ സ്വീകരിക്കുകയും നല്ല ഒരു പോരാളിയും ജ്ഞാനിയുമായി വളര്‍ത്തുകയും ചെയ്തു. ഇതാണ് അയ്യപ്പന്റെ ജീവിതത്തെ കുറിച്ചുള്ള ഐതീഹ്യം.
മറ്റ് ചില ഹിന്ദു ക്ഷേത്രങ്ങളെപോലെ ശബരിമലയില്‍ ജാതിയുടേയും വംശത്തിന്‍റേയും പേരിലുള്ള വേര്‍തിരുവുകളില്ല. ജാതി മതഭേദമന്യേ ആര്‍ക്കുവേണമെങ്കിലും ശബരിമലയില്‍ പ്രവേശിക്കാം. എന്നാല്‍ പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമാണ്. എന്തുകൊണ്ട് ഈ മലയില്‍ സ്ത്രീകള്‍ക്ക് കയറിക്കൂടാ? ഈ ചോദ്യം ചോദിക്കാത്തവര്‍ ചുരുക്കമായിരിക്കും.
ഭക്തിയുടെ നിറകുടം അന്നും ഇന്നും സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍, എന്തേ ഈ സ്ത്രീകള്‍ക്ക് തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കാത്തത്?. ശബരിമലയില്‍ സ്ത്രീകള്‍ കയറിക്കൂടാ എന്ന വസ്തുതയെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരും ഉണ്ട്.
ദുര്‍ഗ്ഗമമായ, കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വഴിയിലൂടെ ഉള്ള യാത്രയും ദിവസങ്ങള്‍ നീണ്ട ഏകാന്ത വാസവും കൊണ്ടാകാം പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിക്കപ്പെട്ടത്. സ്ത്രീകളെയും കൊണ്ട് വനത്തിലൂടെ സഞ്ചരിക്കുന്നത് അപകടം നിറഞ്ഞതാണെന്ന ഒരു ബോധം ആകാം പുരുഷന്മാരെ ഇങ്ങനെ പ്രേരിപ്പിച്ചതെന്ന് പറയുന്നവരും ഉണ്ട്.
സ്ത്രീകളെ വിലക്കുന്നതിന്റെ പ്രധാന കാരണം അവരുടെ ആര്‍ത്തവമാണല്ലോ?. ആര്‍ത്തവ കാലത്ത് വസ്ത്രം മാറലും മറ്റും അന്നത്തെ കാലത്ത് വലിയ ഒരു പ്രശ്‌നം ആയിരുന്നിരിക്കണം. അതുകൊണ്ടാകാം അന്ന് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മനോഹരമായ ശബരിമല സ്ത്രീകള്‍ കാണേണ്ടതില്ല എന്നത് ശരിയായ തീരുമാനം ആണോ എന്ന കാര്യത്തില്‍ പോലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.