Kollam Lok Sabha Election Prediction: കൊല്ലത്തിനു 'പ്രേമം' പ്രേമചന്ദ്രനോട് തന്നെ ! മുകേഷ് നില മെച്ചപ്പെടുത്തും
2019 ലെ പോലെ ഒരു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം പ്രേമചന്ദ്രനു ഇത്തവണ ഉണ്ടാകില്ല
NK Premachandran and Mukesh
Kollam Lok Sabha Election Prediction: കൊല്ലം സീറ്റില്‍ ജയം തുടരാന്‍ യുഡിഎഫ്. ആര്‍.എസ്.പി നേതാവും സിറ്റിങ് എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെയാണ് ഇത്തവണയും കൊല്ലത്ത് ജനവിധി തേടുന്നത്. 2014 ലും 2019 ലും വ്യക്തമായ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്ന് ജയിച്ച് ലോക്‌സഭയില്‍ എത്തിയത്. ഇത്തവണയും കൊല്ലം എന്‍.കെ.പ്രേമചന്ദ്രനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
2014 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ.ബേബിയെ 37,649 വോട്ടുകള്‍ക്കാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. നാല് ലക്ഷത്തിലേറെ വോട്ടുകള്‍ പ്രേമചന്ദ്രനു ലഭിച്ചിരുന്നു. 2019 ലേക്ക് എത്തിയപ്പോള്‍ ഭൂരിപക്ഷം 1,48,869 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിനു അടുത്ത് വോട്ട് പിടിക്കാനും പ്രേമചന്ദ്രനു സാധിച്ചു.
2019 ലെ പോലെ ഒരു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം പ്രേമചന്ദ്രനു ഇത്തവണ ഉണ്ടാകില്ല. അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രേമചന്ദ്രന്‍ ജയിക്കാനാണ് സാധ്യത. നടനും എംഎല്‍എയുമായ മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ കൊല്ലത്തു നിന്ന് എല്‍ഡിഎഫിന് ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മുകേഷ് ഇത്തവണ പിടിക്കും. നാല് ലക്ഷത്തിനു അടുത്ത് വോട്ടുകള്‍ മുകേഷ് പിടിച്ചാല്‍ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം അരലക്ഷത്തില്‍ താഴെയാകാനും സാധ്യതയുണ്ട്.
കൊല്ലത്ത് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഒരു ലക്ഷത്തില്‍ അധികം വോട്ട് പിടിക്കാന്‍ സാധ്യതയുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളിലെ പോലെ ബിജെപി കൊല്ലത്ത് മൂന്നാം സ്ഥാനത്ത് തുടരും. എങ്കിലും ബിജെപി സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും വോട്ട് ബാങ്കിനെ സ്വാധീനിക്കും.