ക്രൗഡ് ഫണ്ടിങ്ങ്: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ ചോദിച്ച കനയ്യക്ക് ലഭിച്ചത് 31 ലക്ഷം രൂപ
മുൻ പ്രസാധകനിൽ നിന്ന് ലഭിച്ച അഞ്ചു ലക്ഷം രൂപയാണ് ഫണ്ട് സമാഹരണത്തിലേക്ക് ലഭിച്ച ഏറ്റവും വലിയ തുക.
ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി കനയ്യ കുമാറിന് ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ ലഭിച്ചത് 31 ലക്ഷം രൂപ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,400 ആളുകളിൽ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്. ബെഗുസരയിൽ സിപിഐയുടെ ലോക് സഭാ സ്ഥാനാർഥിയാണ് കനയ്യ കുമാർ.
മുൻ പ്രസാധകനിൽ നിന്ന് ലഭിച്ച അഞ്ചു ലക്ഷം രൂപയാണ് ഫണ്ട് സമാഹരണത്തിലേക്ക് ലഭിച്ച ഏറ്റവും വലിയ തുക. അതേസമയം, 100 രൂപയും 150 രൂപയുമായി നിരവധിയാളുകളാണ് കനയ്യ കുമാറിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകിയത്. 'ഔർ ഡെമോക്രസി'യെന്ന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു ഫണ്ട് ശേഖരണം.
അതേസമയം, 70 ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞാൽ ക്രൗഡ് ഫണ്ടിംഗ് അവസാനിപ്പിക്കും. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന പരമാവധി തുക 70 ലക്ഷമാണ്.