സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി;തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുമിത്രാ മഹാജൻ
എട്ടു തവണ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു സുമിത്ര.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സ്പീക്കർ സുമിത്രാ മഹാജൻ. അടുത്തയാഴ്ച സുമിത്രയ്ക്ക് 75വയസ്സാവും. 75 വയസ്സു കഴിഞ്ഞവരെ സ്ഥാനാർത്ഥിയാക്കണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പിന്മാറ്റം എന്നാണ് സൂചന.
ഇൻഡോർ മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എട്ടു തവണ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു സുമിത്ര. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസും മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകാത്തതിൽ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും പ്രതിഷേധമുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഞാനും കാവൽക്കാരൻ ' എന്ന പരിപാടിയിൽ സുമിത്രാ മഹാജൻ പങ്കെടുക്കാത്തത് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കത്തതിനെ തുടർന്നാണെന്നായിരുന്നു റിപ്പോർട്ടുകൾ.