അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന് ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഒരുങ്ങി വനംവകുപ്പ്. ജനുവരി 14 മുതലാണ് സന്ദര്‍ശനം ആരംഭിക്കുന്നത്. അഞ്ചാം തീയതി മുതൽ ഇതിന്റെ പാസ് വിറ്റു തുടങ്ങും. പുരുഷന്മാർക്ക് നൽകുന്ന പരിഗണന മാത്രമേ നൽകുകയുള്ളുവെന്നും പ്രത്യേക പരിഗണന നൽകില്ലെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
വനത്തിലെ ട്രെക്കിംഗിന് ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ട്രെക്കിംഗിന് സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശം അതേപടി പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മൂന്ന് ദിവസംവരെ വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമേ അഗസ്ത്യാര്‍കൂടത്തിലെത്താന്‍ സാധിക്കൂ. ദുര്‍ഘടമായ പാതയാണ്. 14 വയസിന് മുകളില്‍ പ്രായമുള്ള മികച്ച ശാരീരികശേഷിയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. ഇതിന് www.forest.kerala.gov.in വെബ്സൈറ്റ് മുഖേന ബുക്ക് ചെയ്യാം. ബന്ധപ്പെടേണ്ട നമ്പര്‍ 04712360762.