പൊലീസിൽ നിന്ന് രക്ഷനേടി മകൾക്കും ഭർത്താവിനുമൊപ്പം യാത്ര; ഗുരുവായൂരിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ
കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി വരുമ്പോള്‍ കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി.
പോലീസിനും എക്‌സൈസിനും സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറില്‍ കഞ്ചാവ് കടത്തിയിരുന്ന യുവതി ഗുരുവായൂരിൽ അഞ്ച് കിലോ കഞ്ചാവുമായിപിടിയിൽ. തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറെനടയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്. ഇവര്‍ക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി വരുമ്പോള്‍ കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി. നാട്ടില്‍ എത്തിച്ചാല്‍ പിന്നെ തീരമേഖല കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. രണ്ട് ഗ്രാം വരെ കഞ്ചാവ് 500 രൂപയ്ക്കു വിൽക്കും.
വിവരം ലഭിച്ച എക്സൈസ് സംഘം കഴിഞ്ഞ ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് ഇപ്പോള്‍ പിടികൂടിയത്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള വിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംഘത്തിൽ ഉൾപ്പെടുന്ന കൂടുതൽ പേർക്കായി എക്‌സൈസ് അന്വേഷണം ഊർജിതമാക്കി.