വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തു; ബിനോയി കോടിയേരിക്കെതിരെ കേസ്
വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും, ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ആരോപണം.
മുംബൈ സ്വദേശിനിയായ 33 കാരിയെ ബലാത്സംഗം ചെയ്തുവെന്ന് ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ കേസ്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13 ന് (വ്യാഴാഴ്ച) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാല്‍സംഗം), 420 (വഞ്ചന), 504( മനപ്പൂര്‍വം അപമാനിക്കൽ), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായും, ഏറെ വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ പറഞ്ഞു.
വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും, ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ആരോപണം.2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായിയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയില്‍ അന്ദേരി വെസ്റ്റില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയി പതിവായി ദുബായില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു.
2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചപ്പോൾ മുതൽ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയി വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി എന്നും എഫ്‌ഐആറില്‍ പറയുന്നു.