Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വേണ്ട സമയത്ത് പിന്തുണച്ചില്ല: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ എന്തുചെയ്‌തു: ഡബ്യുസിസി

വേണ്ട സമയത്ത് പിന്തുണച്ചില്ല: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ എന്തുചെയ്‌തു: ഡബ്യുസിസി
, ചൊവ്വ, 11 ജനുവരി 2022 (20:05 IST)
അക്രമിക്കപ്പെട്ട നടിക്ക് വേണ്ട സമയത്ത് അർഹിച്ച പിന്തുണ കിട്ടിയില്ലെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ ഡബ്യുസിസി. അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശ പറയാതെ വയ്യ.ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ ഞങ്ങൾ  ഈയവസരത്തിൽ നിർബന്ധിതരാവുകയാണ്. ഡബ്യുസിസി പോസ്റ്റിൽ പറയുന്നു.
 
ഡബ്യുസിസിയുടെ പോസ്റ്റ് ഇങ്ങനെ
 
നമുക്ക് ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തി നിൽക്കുമ്പോഴും, നമുക്ക് തല ഉയർത്തി പിടിച്ച് തന്നെ നിൽക്കാൻ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.
 
മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.
 
ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ ഞങ്ങൾ  ഈയവസരത്തിൽ നിർബന്ധിതരാവുകയാണ്. 
 
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളിൽ POSH മാർഗ്ഗനിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ, മലയാള സിനിമ നിർമ്മാതാക്കൾ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!
 
നമ്മുടെ പുരുഷ സഹപ്രവർത്തകർ, നിലവിൽ അവർക്കുള്ള നിർണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടെന്നും, അവർ പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകൾക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങൾക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങൾ അർഹിക്കുന്നത്.
 
ഈ കാലയളവിൽ, അതിജീവിച്ചവൾക്കൊപ്പവും, WCC.ക്കൊപ്പവും നിന്നുകൊണ്ട്, ആത്മാർത്ഥമായി നിസ്വാർത്ഥമായി  പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള സ്നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്നത്തിൽ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയിൽ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.
 
പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നിൽക്കുന്ന, സുരക്ഷിതമായാ ഒരു പ്രവർത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തിൽ, ഇനിയും ഒരുപാട് പേർക്ക് പങ്കുചേരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി