സുൽത്താൻ ബത്തേരിയിൽ ക്ലാസ്സ്റൂമിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നാട്ടുകാർ സ്കൂളിലെ സ്റ്റാഫ് റൂം അടിച്ചു തകർത്തു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ അനാസ്ഥ കാണിച്ച അധ്യാപകൻ പൂട്ടിയിട്ടിരുന്ന സ്റ്റാഫ് റൂമിൽ ഉണ്ടെന്നുള്ള അഭ്യൂഹങ്ങളെ തുടർന്നാണ് ഒരു കൂട്ടം ആളുകൾ സ്റ്റാഫ് റൂം അടിച്ചു തകർത്തത്.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് അഞ്ചാം ക്ലാസ്സ് വിധ്യാർത്ഥിയായ ഷെഹ്ല ഷെറിന് ക്ലാസ്സ് റൂമിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റത്. തുടർന്ന് പാമ്പ് കടിയേറ്റ വിവരം പറഞ്ഞുവെങ്കിലും അധ്യാപകൻ അത് കാര്യമായെടുത്തിരുന്നില്ല. ഷെഹ്ല അവശയായിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കുവാൻ അധ്യാപകൻ ശ്രമിച്ചില്ലെന്നും സഹപാഠികളും ആരോപിച്ചു. ക്ലാസ്സിൽ ഇടക്കിടെ ഇഴജന്തുക്കളെ കാണാറുണ്ടെന്ന് പരാതി പെട്ടിട്ടും ഒരു നടപടിയും അധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും കുട്ടികൾ പറയുന്നു.
മരണത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ സ്കൂളിൽ എത്തിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചത്. സ്കൂളിൽ ആരോപണവിധേയനായ അധ്യാപകൻ ഉണ്ടെന്ന സംശയത്തിന്റെ പുറത്തായിരുന്നു പ്രതിഷേധം. അതേ സമയം ആരോപണവിധേയനായ അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.സ്കൂളിലെ മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും തീരുമാനമായിട്ടുണ്ട്.